Thursday, 26 January 2017

ഉറച്ചു പോയ സ്വപ്നങ്ങൾ.....

ഓർമ്മകൾ കടലെടുത്തു;
കാൽ ചുവട്ടിലെ മണ്ണിനൊപ്പം...
വീണുപോകാതുടക്കിനിന്നു
ഉറച്ചുപോയ സ്വപ്നങ്ങളിൽ...

ചലനമറ്റ്, ചേതനയറ്റ്,
നീർവാർന്ന സ്വപ്നങ്ങൾ...
മഷി പടരാത്ത ജലചിത്രങ്ങൾ;
തെളിഞ്ഞുവരും സ്വപ്നങ്ങൾ...

കുരുക്കു വീണ ഹ്യദയതാളം,
മാഞ്ഞുപോയ മാലച്ചരട്,
ഇരുളിന്റെ നീറ്റൽ,
മരണത്തണുപ്പ്...എല്ലാം-
ചുമക്കുന്ന സ്വപ്നങ്ങൾ..
              ******
ഓർമ്മകളിഴ ചേർന്ന്
കനംവച്ച കനവുകൾ;
വീണുപോകാൻ കൊതിക്കുന്നു,
വിടർന്നുപോകാനറയ്ക്കുന്നു....
‘ഉറച്ചു’ പോയവ ഉറക്കിൽ വിട്ട്
കടലേറ്റം കാക്കുന്നു....

Wednesday, 14 September 2016

‘മരണവേഗം’

‘മരണവേഗം’
അളക്കാനെളുപ്പമെങ്കിലും
ചുറ്റുവട്ടത്തിനന്ന്യതയിൽ
കാത്തിരിപ്പെളുപ്പമല്ല.
നിറങ്ങളന്യമാകുമ്പോൾ
ചിരികൾ നിരതെറ്റുന്നു....
ചെറുപ്പം വലുതാകുമ്പോൾ
തടസ്സം വളരുന്നു.


ഓർമ്മരോഗബാധ,
പുത്തനറിവുകൾ
എല്ലാം
എത്തി; വൈകി...!


നീല രേഖ മുറിച്ചുകടക്കാൻ
നീന്തണം; ചോരപ്പുഴ!
ആകാശമേലറ്റം തൊടാൻ
നില്ക്കണം; ഭൂമിക്കുമേലെ..
ചെറുചെടിയറ്റമകറ്റില്ല,
വിഷാദം...വേദന...

കാത്തിരിപ്പസഹ്യമാണു
ഭ്രാന്തോളം കലുഷവും!


അടക്കം പറച്ചിലുകൾ,
ആജ്ഞകളവജ്ഞകൾ,
സഹതാപക്കരച്ചിലുകൾ,
ശിക്ഷയായെത്തുന്നു
ഇന്നുമീയിരുട്ടിലും.......

Monday, 7 September 2015

മറവി മറന്നൊരോർമ്മ!തടി, മെലിഞ്ഞൊട്ടി
വെളുത്തിരുണ്ടൊരു
പച്ചക്കോലം;
ചെളിതേച്ചും
മണ്ണിൽ കുളിച്ചും
നിറം മാറ്റുന്നു.
പിടിക്കപ്പെടില്ലെന്ന
തെറ്ററിവുകളിൽ!!!  

ചത്തടിഞ്ഞെങ്കിലും
കൺകൾ കണ്ടെത്തും.
അഴുകിപ്പൊളിഞ്ഞെങ്കിലും
ഉടൽ, അറിയാതെ പൊള്ളും.
ശബ്ദമന്യമെങ്കിലും
കേൾവി, ചെവികൾക്കുമപ്പുറം

ശപിക്കുമോ, വെറുക്കുമോ
കൊല്ലുമോ; ശവം
തിന്നുമോ- കളയുമോ
അതോ
വലിച്ചെറിയപ്പെട്ട
കഥകൾ മറന്ന്; പിന്നെയും
വലിച്ചടുപ്പിച്ച്.....???

എന്തൊരു കഷ്ടമിത്..!
മറവി തിന്നാൻ
മറന്ന ചില്ലുവാതിലുകൾ
മണ്ണിലടിയാതുടഞ്ഞടരുന്നു....

Sunday, 28 September 2014
എന്തിനവൾ
പെറ്റുകൂട്ടിയിത്ര
പുകനിറഞ്ഞു കറുത്ത
ഇരുണ്ട ഹൃദയങ്ങൾ?

എന്തിനവൾ
ചുമന്നു നടന്നതീ
മൂന്നും മുന്നൂറും,
എണ്ണമറിയാതെ....!!

പാകമാകാതെ
പാലുകൊടുത്തവൾ
എന്തിനിനി
നീരൊഴുക്കുന്നു..?

ശപിക്കണം;
കൺതുറക്കാതെ
ചത്തുപോകുവാൻ!

ആഭിചാരത്തിൽ
ഭസ്മമാക്കണം
ചിരികളെ,
ചായങ്ങളെ
പിന്നെ
വിശ്വാസങ്ങളെ!!

പ്രാർഥന... ഇതൊരു വെളുപ്പിന്റെ
നിറമണിഞ്ഞ
വെടിപ്പാർന്ന വാക്കുകൾ...

ചെറിയ നടുക്കങ്ങളിൽ
വലിയ മാറ്റങ്ങൾ
വിരലുറച്ചു;
തനിയെ
പതിയെ
ഞാനൊന്ന് മാറിനിന്നു.
തെറ്റി നിന്നു.
ദൂരെ നിന്നു.

ഇനിയുമൊരു നേരം
അഞ്ചിൽ പകുത്ത്
പതിനേഴിലെത്തണം ദിനം.

തെറ്റിലെത്താതെ,
ശരിയിൽ വീഴാതെ,
ഒട്ടിപ്പിടിക്കാതെ,
തെളിയണം ദിനം.

ഇതെന്റെ ശ്വാസം- താളം,
പടരട്ടെ വീണ്ടും;
നഷ്ടമാകാതെ,
ഒഴിഞ്ഞു പോകാതെ......

Sunday, 17 November 2013ഇവൾ, തഴയപ്പെട്ടവൾ;
തലോടൽ തീരും മുന്നേ
മടുത്ത്
മരണത്തോട് ചേർക്കപ്പെട്ടവൾ


പ്രണയം തുടങ്ങി
നിരാശയോട്......
ചപ്പാക്കപ്പെട്ട ഉടൽ
തിരയുന്നു കയ്പും ചവർപ്പും


കരഞ്ഞും കലഹിചും
ഉത്തരങ്ങൾ തേടി...

ദൈവം വീണ്ടും പറഞ്ഞു:
“ഞാൻ നുണ തന്നെ”!!!

വാക്കും വഴിയും
കാഴ്ചയും കേൾവിയും
ഓർമ്മകളും....മതി!!!
പ്രതീക്ഷ ചുമന്ന് മടുത്തവൾ
പോകാൻ തിരക്കുന്നു;
നുണയിലെ നേരു തേടി........


Saturday, 15 June 2013

പിന്നെയും
അകലെയാണു; വാക്കുകൾ
വാക്കു മുറിക്കും
ശബ്ദചക്രങ്ങൾ,
മാഞ്ഞുപോകാത്ത
അടയാളങ്ങൾ...


ആത്മാവിനെ
പോസ്റ്റുമോർട്ടം നടത്തി
തിരിചു വരുന്നു
രണ്ടു കിഴവികൾ,
രണ്ടും നീ തന്നെ
ഒന്ന് ഇന്ന് ഞാനും!


പച മരം
വെന്ത് പോകും പോലെ
ഉടൽ
കത്തിനിന്നു...

മതി!!
നിന്റെ ചൂടും
ചെമന്ന 
മൺതരികളും....

വിധിതമാണു
പ്രതീക്ഷയും
മരണവും!